---
title: "സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ"
english_title: "Chambad Mourns: Two Brothers Die of Heart Attack Within 9 Days in Kannur"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/372410/Chambad Mourns: Two Brothers Die of Heart Attack Within 9 Days in Kannur"
published_at: "2026-07-14T21:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a5656b6b6579_1001322968.jpg"
keywords: ["Chambad", "Death", "Family", "Heart Attack"]
---

# സുരേഷിന് ചമ്പാടിന്റെ കണ്ണീർ പ്രണാമം ; അന്തിമോപചാരമർപ്പിക്കാൻ നിരവധിയാളുകൾ

> **Lead Summary:** ചമ്പാട്:ഒരു കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന രണ്ട് സഹോദരങ്ങൾ ഒൻപത് ദിവസത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച സംഭവം ചമ്പാട് അരയാക്കൂലിനെ ദുഃഖത്തിലാഴ്ത്തി.

## Article Content

ചമ്പാട്:ഒരു കുടുംബത്തിന്റെ താങ്ങും തണലുമായിരുന്ന രണ്ട് സഹോദരങ്ങൾ ഒൻപത് ദിവസത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ച സംഭവം ചമ്പാട് അരയാക്കൂലിനെ ദുഃഖത്തിലാഴ്ത്തി.

ചങ്ങരോൾ കക്കിരി നട്ട പറമ്പത്ത് സുരേഷ് (51) ആണ് തിങ്കളാഴ്ച രാത്രി മരിച്ചത്. സുരേഷിന്റെ ജ്യേഷ്ഠൻ ബാബു ഇക്കഴിഞ്ഞ ജൂലൈ 4-ന് ഉറക്കത്തിനിടെ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചിരുന്നു.

ജ്യേഷ്ഠന്റെ വിയോഗത്തിന്റെ വേദന കുടുംബം മറികടക്കാൻ ശ്രമിക്കുന്നതിനിടെയാണ് അനുജന്റെ കൂടി അപ്രതീക്ഷിത മരണവാർത്ത എത്തുന്നത്. ഒൻപതാം ദിവസത്തെ അനുസ്മരണ ചടങ്ങുകൾക്കുള്ള ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് മറ്റൊരു ദുരന്തം കുടുംബത്തെ തേടിയെത്തിയത്.

തിങ്കളാഴ്ച രാത്രി ഒമ്പത് മണിയോടെ അരയാക്കൂലിലെ വീട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ സുരേഷിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.

ചങ്ങരോൾ ജാനുവിന്റെയും പരേതനായ ചാത്തൂട്ടിയുടെയും മകനാണ് സുരേഷ്. കുടുംബത്തിന്റെ ആശ്രയമായിരുന്ന രണ്ട് മക്കളെ ദിവസങ്ങളുടെ വ്യത്യാസത്തിൽ നഷ്ടമായതിന്റെ വേദനയിൽ അമ്മയും ബന്ധുക്കളും തകർന്നിരിക്കുകയാണ്.

സുരേഷിന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ഉച്ചയ്ക്ക് ഒന്നരയോടെ വീട്ടിലെത്തിച്ചപ്പോൾ അന്തിമോപചാരം അർപ്പിക്കാൻ നൂറുകണക്കിന് ആളുകളാണ് എത്തിയത്. ഒരേ കുടുംബത്തിൽ ഒൻപത് ദിവസത്തിനിടെ രണ്ട് സഹോദരങ്ങൾ വിടവാങ്ങിയ സംഭവം ചമ്പാട് നാടിന്റെ മനസിൽ മായാത്ത വേദനയായി മാറിയിരിക്കുന്നു. ബിന്ദുവാണ് സുരേഷിന്റെ ഏക സഹോദരി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/372410/Chambad Mourns: Two Brothers Die of Heart Attack Within 9 Days in Kannur)